09/06/2026
കേരളത്തിൽ തകർന്നു വീഴുന്ന കെട്ടിടങ്ങളെക്കുറിച്ചു ചില കുറിപ്പുകൾ തെയ്യാറാക്കുന്നതിനിടക്കാണ് മലയാളത്തിന്റെ പ്രിയ നടൻ ശ്രീ സലിം കുമാറിന്റെ വിടവാങ്ങൽ.
തന്റെ അവസാന ദിവസങ്ങളിൽ ശ്രീ സലിം കുമാർ തുറന്നു പറഞ്ഞത് ആയുർവേദത്തിന്റെ പേരും പറഞ്ഞു തട്ടിപ്പിനിറങ്ങിയ രണ്ടു വൈദ്യന്മാരെക്കുറിച്ചാണ്, ഈ രണ്ടു വൈദ്യന്മാരും ചേർന്ന് അദ്ദേഹത്തിന് ഉണ്ടാക്കിയ കഷ്ട നഷ്ടങ്ങളെക്കുറിച്ചാണ്.
ലോകം മുഴുവനുള്ള വൈദ്യശാസ്ത്ര സിദ്ധാന്തങ്ങളെയും ഡോക്ടർമാരെയും വെല്ലുവിളിച്ചാണ് ചേർത്തലയിലെ വൈദ്യർ രംഗത്തെത്തിയത്, ടിപ്പുസുൽത്താന്റെ സിംഹാസനമാണ് എന്ന് പറഞ്ഞു തങ്കപ്പനാശാരി ഉണ്ടാക്കിയ കസേര കാണിച്ചു സംസ്ഥാന പോലീസ് ഉന്നതന്മാരെ വരെ പറ്റിച്ച നാട്ടിലെ പ്രബുദ്ധ മലയാളി അതും വിശ്വസിച്ചു, വൈദ്യർ പറയുന്നത് കേട്ട് ഡോക്ടർമാരെ തെറി വിളിച്ചു.
വൈദ്യശാസ്ത്ര രംഗത്തെ തട്ടിപ്പുകാർ വിരലിൽ എണ്ണാവുന്നവർ ആണെങ്കിൽ എൻജിനീയറിങ് - ആർക്കിടെക്ച്ചർ രംഗത്ത് ഇവരുടെ കണക്ക് എണ്ണിയാൽ തീരില്ല.
ഇവരിൽ കപട വാസ്തുവിദ്യക്കാർ ഉണ്ട്..
അന്തവും കുന്തവും ഇല്ലാതെ കയ്യിൽ കിട്ടിയ സകല പ്ലാനും തിരുത്തി വിടുന്ന സോഷ്യൽ മീഡിയാ വിദഗ്ദർ ഉണ്ട് ..
ബാഹ്യ ഭംഗി മാത്രം മുൻനിർത്തി ത്രീഡി ചിത്രങ്ങൾ തെയ്യാറാക്കുന്ന ഗ്രാഫിക് വിദഗ്ദന്മാർ ഉണ്ട്...
സത്യത്തിൽ എന്താണ് ഇക്കൂട്ടർ ഉണ്ടാക്കുന്ന പ്രശ്നം ..? കേരളത്തിലെ വീടുകളുടെ തകർച്ചയിൽ എന്താണ് ഇക്കൂട്ടരുടെ പങ്ക്..?
പറയാം.
ഒരു വീടിന്റെ മൂന്ന് പ്രധാന ഘടകങ്ങൾ ഫൗണ്ടേഷൻ, സൂപ്പർ സ്ട്രക്ച്ചർ, റൂഫ് എന്നിവ ആണ് എന്ന് നമ്മൾ മുന്നേ കണ്ടുകഴിഞ്ഞു.
ഫൗണ്ടേഷന്റെ സ്റ്റെബിലിറ്റി നിലനിർത്തുന്ന ഘടകങ്ങൾ, മണ്ണിനുള്ളിലെ പ്രതീക്ഷിതവും അപ്രതീക്ഷിതവും ആയ സമ്മർദ്ദങ്ങൾ, അവ കെട്ടിടത്തിന്റെ തകർച്ചക്ക് കാരണമാകുന്ന വിധം എല്ലാം കുറെയൊക്കെ നാം ചർച്ച ചെയ്തു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നാം ചവിട്ടി നിൽക്കുന്ന ഭൂമിക്കുള്ളിലെ ചലനങ്ങൾ നമ്മുടെ എല്ലാം കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്, അവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം നമ്മുടെ ചിന്താ പരിധികൾക്കും ഉപരിയാണ്.
നാളിന്നുവരെ ആയിട്ടും, അങ്ങ് ചൊവ്വാ ഗ്രഹത്തിലെ ഉൽക്കാ പതനം വരെ പ്രവചിക്കാൻ കഴിവുണ്ടായിട്ടും നമ്മുടെ ഭൂമിയിലെ ഒരു ഭൂകമ്പം പോലും പ്രവചിക്കാൻ മനുഷ്യന് കഴിയാത്തതും അതാണ്.
അതിനാലാണ് ലോകത്തെ ഒരു ഫൗണ്ടേഷനും നൂറു ശതമാനം സുരക്ഷിതമാണ് എന്ന് പറയാൻ ആവില്ല എന്ന് പറയുന്നത്.
എന്നാൽ രണ്ടാമത്തെ ഘടകമായ, വീടിന്റെ തൂണുകളും, ഭിത്തികളും, ബീമുകളും, സ്ളാബുകളും ഒക്കെ അടങ്ങുന്ന സൂപ്പർ സ്ട്രക്ച്ചർ നമ്മുടെ കൈപ്പിടിയിലാണ്.
അതിൽ വരുന്ന ബലങ്ങളെ നമുക്ക് കൃത്യമായി അനലൈസ് ചെയ്യാം, നിയന്ത്രിക്കാം.
പക്ഷെ ഇവിടെ വാസ്തുവിദ്യക്കാരും, പ്ലാൻ തിരുത്തലുകാരും, അശാസ്ത്രീയമായി ത്രീഡി ചെയ്യുന്നവരും എന്ത് പിഴച്ചു എന്ന് ചിന്തിക്കുന്നവർ കാണും.
ഉണ്ട്. അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടർ ചെയ്യുന്ന തെറ്റാണ് കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും തകർച്ചക്ക് കാരണമാകുന്നത്.
എങ്ങനെ ..?
അത് ചർച്ച ചെയ്യും മുന്നേ നമുക്ക് പ്ലാനുകളെപ്പറ്റി സംസാരിക്കാം.
എന്താണ് ഒരു വീടിന്റെ പ്ലാൻ ..?
ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജീവിതത്തിനായി അവരുടെ സ്ഥലത്തിനും, ബജറ്റിനും ആവശ്യങ്ങൾക്കും അനുസരിച്ചു വരച്ചെടുക്കുന്ന ഭിത്തികളുടെ ഒരു വിന്യാസമാണ് പ്ലാൻ.
നേരാണ്.
എന്നാൽ ഒരു പ്ലാനിൽ നാം ചുമ്മാ വരച്ചിടുന്ന ഭിത്തികളാണ് ആ വീടിന്റെ നൂറുകണക്കിന് ടൺ വരുന്ന ഭാരത്തെ സുരക്ഷിതമായി ഫൗണ്ടേഷനിലേക്കു ട്രാൻസ്ഫർ ചെയ്യേണ്ടത്.
എന്ന് വച്ചാൽ നമ്മളൊക്കെ ചുമ്മാ കലണ്ടർ തൂക്കുന്ന ഓരോ ഭിത്തിയും ഇത്തരത്തിലുള്ള അചിന്ത്യമായ ഭാരം താങ്ങി നിൽക്കുന്നവയാണ്.
ഒരുവീടിന്റെ ഭിത്തിയുടെ ശ്രുംഖല തീർക്കുന്ന ഒരു ഈക്വലിബ്രിയം സംവിധാനമുണ്ട്.
അതിന്റെ ഒരു ഭാഗത്തു പോലും അത് നഷ്ടപ്പെട്ടാൽ മൊത്തം കെട്ടിടം തകരും.
വർഷങ്ങൾക്ക് മുൻപ് വയനാട്ടിൽ ഭീമാകാരമായ ഒരു അഞ്ചുനില കെട്ടിടം മണിക്കൂറുകൾക്കുള്ളിൽ തകർന്നു പോയത് നിസ്സാരമായ ഒരു ലോറി അതിന്റെ മൂലയിൽ വന്നിടിച്ചപ്പോഴാണ് എന്നോർക്കണം.
വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണം അഞ്ചുകൊല്ലം തലകുത്തിനിന്നു പഠിച്ച ആർക്കിടെക്ടുകൾ പോലും ചില കേസുകളിൽ സ്ട്രക്ച്ചറൽ എൻജിനീയർമാരുടെ ഒപ്പീനിയൻ എടുത്തു കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ആണ് മേൽപ്പറഞ്ഞ കൂട്ടർ മാജിക്കുകാരൻ തൊപ്പിയിൽ നിന്ന് മുയലിനെ എടുക്കുന്നപോലെ പ്ലാനുകൾ സൃഷ്ടിച്ചു വിടുന്നത്, തിരുത്തുന്നത്, ത്രീഡികൾ ചമക്കുന്നത്.
ഇങ്ങനെ പറയുമ്പോൾ അത് വിശദമാക്കാൻ ഞാൻ ബാധ്യസ്ഥനാണ്.
ഒരു ഭിത്തി എന്നത് മേൽപ്പറഞ്ഞ "വിദഗ്ദന്മാർക്ക്" കേവലം രണ്ട് റൂമുകൾക്കിടയിൽ ഉള്ള സ്വകാര്യതയുടെ വിഷയം മാത്രമാണെങ്കിൽ ഒരു സ്ട്രക്ച്ചറൽ എൻജിനീയർ അതിനെ നോക്കിക്കാണുന്നത് വേറെ പല തലത്തിലും ആണ്.
അയാളെ സംബന്ധിച്ചു ആ ഭിത്തി ലോഡ് താങ്ങുന്നതാണ്, അത് നിർമ്മിച്ച പദാർത്ഥത്തിന്റെ സമ്മർദ്ദ ബലം പ്രധാനമാണ്.
അതിന്റെ ഉയരവും കനവും തമ്മിലുള്ള അനുപാതമായ " സ്ലെണ്ടർനെസ് റേഷ്യോ " മൂലം അത് തകർന്നു പോകാനുള്ള സാധ്യത അദ്ദേഹത്തിൻറെ ഉറക്കം കളയുന്ന ഒന്നാണ്.
ഭീമമായ ലോഡ് താങ്ങുന്ന ബീമുകൾ റസ്റ്റ് ചെയ്യുന്ന ഇടങ്ങളിൽ വേണ്ടുന്ന " ബെഡ് ബ്ലോക്കുകൾ " അദ്ദേഹത്തിൻറെ പരിഗണയിൽ ഉണ്ട്.
മൊത്തം ഭിത്തികൾ ചേർന്ന് സൃഷ്ടിക്കുന്ന ബലത്തിന്റെ ഒരു ചട്ടക്കൂട് ഭൂകമ്പ പ്രതിരോധത്തിൽ ആ കെട്ടിടത്തിന് എത്രമാത്രം പിൻബലം നൽകുന്നു എന്ന് അദ്ദേഹത്തിനറിയാം.
ചുമ്മാ പേനയും പെൻസിലും എടുത്തു പ്ലാൻ വരക്കാനും, തിരുത്താനും പോകുന്ന ഒരാളെ, കേവലം വാസ്തുവിദ്യ മാത്രം നോക്കി പ്ലാൻ വരക്കുകയോ, വീടിനു കുറ്റിയടിക്കുകയോ ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഇതൊന്നും അന്വേഷിക്കേണ്ടതില്ല.
ഇനിയാണ് അശാസ്ത്രീയ ത്രീഡി വിദഗ്ധരുടെ സംഭാവന.
നിലവിൽ കേരളത്തിലെ പല വീടുകളുടെയും സ്ട്രക്ച്ചറൽ ഭാവി നിർണ്ണയിക്കുന്നത് ഇത്തരം ഗ്രാഫിക് വിദഗ്ധരാണ്.
പല വീടുകളിലും ബീമുകൾ എന്നൊരു സാധനമേ ഇല്ല.
ബീമുകൾ ഭംഗി കുറയ്ക്കുന്നു എന്ന് എന്നോട് തർക്കിച്ച വിദഗ്ദർ ഉണ്ട്.
ഒരു കെട്ടിടത്തിന്റെ സ്പോട്ടിൽ ഉള്ള തകർച്ചക്ക് കാരണമായ " പഞ്ചിങ് ഷിയർ" എന്നൊരു സാധനത്തെക്കുറിച്ചു ജീവിതത്തിൽ കേൾക്കുക പോലും ചെയ്യാത്ത ആളുകളാണ് ഇത്തരം സങ്കീർണ്ണ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
അശാസ്ത്രീയ കാന്റിലിവറുകൾ സൃഷ്ടിക്കുന്ന തകർച്ചയെക്കുറിച്ചോ, അപകടങ്ങളെക്കുറിച്ചോ, ബീമുകൾക്കു വേണ്ട ഡെപ്തിനെക്കുറിച്ചോ അവർക്കറിയില്ല, അവർ ഗൗനിക്കാറുമില്ല.
" കൺസീൽഡ് ബീമുകൾ " എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് എന്ന് അവർ വിശ്വസിക്കുന്നു, വിശ്വസിപ്പിക്കുന്നു.
ഫലം, ഒരു മനുഷ്യന്റെ ആയുഷ്കാല സ്വപ്നമായ വീട് ചീട്ടുകൊട്ടാരം പോലെ തകർന്നു പോകുന്നു.
ഓടിക്കൂടിയ ജനം മൂക്കത്തു വിരൽ വെക്കുന്നു, സിമെന്റ് കുറഞ്ഞുപോയതാണ് തകർച്ചക്ക് കാരണം എന്ന് വിധിയെഴുതുന്നു, കോൺട്രാക്ടറുടെ പൂർവ്വ പിതാക്കന്മാരെ സ്മരിക്കുന്നു.
മാധ്യമങ്ങൾ അതേറ്റുപിടിക്കുന്നു.
ഇതൊന്നുമറിയാതെ മേൽപ്പറഞ്ഞ വിദഗ്ദർ അടുത്ത ഇരകളെത്തേടി നടക്കുന്നു, അല്ലെങ്കിൽ ഇരകൾ അവരറിയാതെ ഇവരിലേക്കെത്തുന്നു.
പ്ലാനിങ് പിഴവുകൾ മൂലം സൂപ്പർ സ്ട്രക്ച്ചറിൽ വരുന്ന ഏതാനും വിഷയങ്ങൾ മാത്രമാണ് നമ്മൾ പ്രതിപാദിച്ചത്, ഇനിയും ഏറെയുണ്ട്.
ചർച്ച ചെയ്യാൻ നിന്നാൽ നേരം വെളുക്കും, കോഴി കൂകും.
പറഞ്ഞുവന്നത് ഇതാണ്.
വീട് എന്നത് ഒരു എൻജിനീയറിങ് പ്രോജക്ടാണ്, ആർക്കിടെക്ച്ചറൽ നിർമ്മിതിയാണ്.
സാമാന്യ ജനങ്ങൾക്കറിയാത്ത ഏറെ കാര്യങ്ങൾ അതിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഉണ്ട്.
അർഹിക്കുന്ന പ്രാധാന്യം അതിനു നൽകുക.
ലാടവൈദ്യന്മാരെ ഒഴിവാക്കുക. അത് ആരോഗ്യ രംഗത്ത് ആയാലും വീട് നിർമ്മാണ മേഖലയിൽ ആയാലും, മറ്റേതു രംഗത്ത് ആയാലും.
പ്രിയ സലിം കുമാറിന് ആദരാഞ്ജലികൾ ...