21/04/2026
രണ്ടു മൂന്നു കൊല്ലം എങ്കിലും ആയിരിക്കും ഇപ്പോൾ ആ സംഭവം നടന്നിട്ട്, ഒരവധിക്കാലത്ത് നാട്ടിൽ എത്തിയപ്പോൾ പുതിയൊരു സൈറ്റ് കാണാൻ പോയ കൂട്ടത്തിൽ പത്തനംതിട്ടയിൽ വച്ചാണ് ഞാൻ എൽസമ്മ ടീച്ചറെ പരിചയപ്പെടുന്നത്.
സൈറ്റൊക്കെ കണ്ട്, തൊട്ടടുത്തുള്ള ക്ലയന്റിന്റെ തറവാട്ടിൽ പോയി ഒരു ചായയൊക്കെ കഴിച്ചു പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് എൽസമ്മ ടീച്ചർ എന്നെ പുറകിൽ നിന്ന് വിളിക്കുന്നത്.
ടീച്ചർ റിട്ടയറായിട്ട് കുറച്ചു കാലമായി , ക്ലയന്റിന്റെ ബന്ധുവാണ്, വലിയ സംസാരപ്രിയയാണ്, അബുദാബിയിൽ നിന്ന് ഏതോ ഒരുത്തൻ വീടിനു പ്ലാൻ വരയ്ക്കാൻ വന്നിട്ടുണ്ട് എന്ന് കേട്ടപ്പോൾ ചുമ്മാ ഒന്ന് പരിചയപ്പെടാൻ വന്നതാണ്.
പരിചയപ്പെട്ട ശേഷം എന്നെ പിടിച്ചു മുറ്റത്തെ ഒരു മാവിന്റെ ചുവട്ടിലേക്ക് മാറ്റി നിർത്തിക്കൊണ്ട് ടീച്ചർ പറഞ്ഞു:
" മോനെ, ഈ വീട് മനുഷ്യന്മാർക്കു താമസിക്കാൻ ഉള്ളതാണ്, മൃഗങ്ങൾക്കല്ല, മോൻ അതിനനുസരിച്ചു പ്ലാൻ ചെയ്യണം"
എനിക്കൊന്നും പിടികിട്ടിയില്ല.
അങ്ങനെയാണ് ടീച്ചർ ഞാനുമായി അക്കാര്യം ചർച്ച ചെയ്യുന്നത്.
ടീച്ചറുടെ മകന്റെ വീടുപണി കഴിഞ്ഞിട്ട് ഇപ്പൊ രണ്ടു കൊല്ലമായി, കാര്യങ്ങൾ ഒക്കെ ഭംഗിയായി മുന്നോട്ടു പോകുന്നു, വീട്ടിൽ വരുന്നവർക്കൊക്കെ വീട് ഇഷ്ടവും ആകുന്നുണ്ട്.
എന്നാൽ ഇക്കൂട്ടത്തിൽ വീട്ടുകാർക്ക് തീരെ ഇഷ്ടമില്ലാത്ത ചിലരും വീട്ടിലേക്കു കേറി വരുന്നുണ്ട്.
പാമ്പും, ചേരയും.
ഈ രണ്ടു കൊല്ലത്തിനിടക്ക് ഏതാണ്ടൊരു മൂന്നു നാല് തവണ ഈ പറഞ്ഞ വിദ്വാന്മാർ ക്ഷണിക്കപ്പെടാത്ത അതിഥികൾ ആയി വല്യമ്മയുടെ മകന്റെ വീട്ടിൽ എത്തിയിട്ടുണ്ട്.
അത്രയുമായപ്പോൾ തന്നെ വല്യമ്മയുടെ സംസാരത്തെ ഇടയ്ക്കു തടസ്സപ്പെടുത്തിക്കൊണ്ടു ഞാൻ ചോദിച്ചു:
" വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ, ഫൗണ്ടേഷന് തൊട്ടു മുകളിൽ വരുന്ന വിധത്തിൽ എവിടെയെങ്കിലും ജാളി വർക്ക് ചെയ്തിട്ടുണ്ടോ ..?"
അത് കേട്ടതോടെ ടീച്ചർ എന്റെ കൈക്കു പിടിച്ചുകൊണ്ടു പറഞ്ഞു:
" ഉണ്ട് മോനെ. അന്ന് അത് അവിടെ വെക്കുമ്പോൾ ഞാൻ ആ എൻജിനീയറോടും മേസ്തിരിയോടും എന്നെക്കൊണ്ടാവുന്നപോലെ പറഞ്ഞതാണ് അത് വഴി പാമ്പും ചേരയും കേറി വരും എന്ന്, കേട്ടില്ല "
ഇക്കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ ഒരു വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പുകടിയേറ്റ് മരിച്ച വാർത്ത വായിച്ചപ്പോഴാണ് എനിക്ക് പത്തനംതിട്ടയിലെ എൽസമ്മ ടീച്ചറെ ഓർമ്മ വന്നത്.
തൃശൂരിലെ സംഭവത്തിൽ വീടിന്റെ പാർശ്വ ഭിത്തിയിൽ ഇഴജന്തുക്കൾക്ക് പ്രവേശിക്കാൻ സൗകര്യത്തിലുള്ള ജാളികൾ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല, എന്നാൽ സമാനമായ പല സംഭവങ്ങളിലും ഇതിനു കാരണമാകുന്നത് വീടിന്റെ രൂപകൽപ്പന തന്നെയാണ്.
വിശദമാക്കാം.
അതിനു മുൻപായി നിലവിൽ വീട് പണിഞ്ഞവരും, ഇനി പണിയാൻ പോകുന്നവരും ഒരു ചോദ്യം സ്വയം ചോദിക്കുന്നത് നന്നായിരിക്കും.
എന്തിനാണ് ഒരാൾ വീട് പണിയുന്നത് ..?
ഉത്തരം ലളിതമാണ്.
പ്രകൃതി ശക്തികളായ മഴ, വെയിൽ, മഞ്ഞു, ചൂട്, തണുപ്പ്, എന്നിവയിൽ നിന്ന് വീട് നമുക്ക് സംരക്ഷണം തരണം.
നമ്മുടെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള സംവിധാനവും, ഉറപ്പും അതിനുണ്ടാവണം.
ഇനിയാണ് പ്രധാനമായ മറ്റൊരു വസ്തുത.
നമുക്ക് ചുറ്റുമുള്ള വന്യ ജീവികളിൽ നിന്നും ആ വീട് നമ്മെ സംരക്ഷിക്കണം.
ഇതെല്ലാം ആർക്കിടെക്ച്ചർ, എൻജിനീയറിങ് പുസ്തകങ്ങളിലെ ആധാര വസ്തുതകളാണ്, എന്ന് വച്ചാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി " തറ, പറ" എന്ന് എഴുതി പഠിക്കുന്നപോലത്തെ അടിസ്ഥാന കാര്യങ്ങൾ.
ഈ പോയിന്റുകളിൽ ഊന്നിയാണ് ഒരു വീട് ഡിസൈൻ ചെയ്യുമ്പോൾ ഡിസൈനറുടെ പേന ചലിക്കേണ്ടത്.
അതിനായി അയാൾ വീട് നിർമ്മിക്കുന്ന സ്ഥലത്തെ, അതിന്റെ പരിസരത്തെ നന്നായി മനസ്സിലാക്കണം, അതിനനുസരിച്ചു രൂപകൽപ്പന മുന്നോട്ടു കൊണ്ടുപോകണം.
കേരളത്തിന്റെ കാര്യമെടുക്കാം.
നല്ലവണ്ണം മഴ ലഭിക്കുന്ന, ഏതാണ്ട് പത്തു നാല്പത്തിനാല് പുഴകൾ ഉള്ള, മലനാടും, തീരപ്രദേശവും ഉൾക്കൊള്ളുന്ന, ലോകത്തെ അപൂർവ്വ വിഭാഗത്തിൽ പെടുന്ന സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന കുട്ടനാടിനെ ഉൾക്കൊള്ളുന്ന, വേനൽക്കാലത്ത് അത്യുഷ്ണം അനുഭവപ്പെടുന്ന, കാട്ടുപന്നിയും, പാമ്പും വിഹരിക്കുന്ന കേരളത്തിൽ ഒരു വീട് ഡിസൈൻ ചെയ്യുക എന്ന് പറഞ്ഞാൽ അത് ചില്ലറക്കളിയല്ല.
ഈ വസ്തുത വീട് പണിയുന്നവരും, പ്ലാൻ ചെയ്യുന്നവരും ഉൾകൊണ്ടേ പറ്റൂ.
എന്നാൽ വീട് രൂപകൽപ്പനയുടെ ഏതു ഘട്ടത്തിൽ ആണ് ഇത് നടപ്പാക്കേണ്ടത് ..?
എലിവേഷൻ.
നമ്മളിൽ പലരും കരുതുന്നപോലെ വീടിന്റെ എലിവേഷൻ എന്നത് നാട്ടുകാരെ കാണിക്കാനോ, അയൽക്കാരനെ ഞെട്ടിക്കാനോ, സ്വന്തം പ്രതാപം കാണിക്കാനോ ഉള്ള ഒന്നല്ല.
അത് വേണ്ട എന്നല്ല, എന്നാൽ അതോടൊപ്പം എലിവേഷൻ ഉൾക്കൊള്ളേണ്ട അടിസ്ഥാന വിഷയങ്ങളെ അതിൽ അഭിസംബോധന ചെയ്തിരിക്കണം.
മുകളിൽ പറഞ്ഞ അനേകം വിഷയങ്ങളിൽ നിലവിലെ പ്രശ്നം മാത്രം നമുക്ക് ചർച്ചക്കെടുക്കാം.
ഇഴജന്തുക്കൾ.
ഏതെങ്കിലും ഒരു വീട്ടിലേക്ക് പാമ്പോ ചേരയോ പോലുള്ള ഇഴജന്തുക്കൾ കേറി വരുന്നത് നമ്മൾ അവരുടെ അമ്മാവന്മാരായതുകൊണ്ടല്ല, അവക്ക് വേണ്ടുന്ന ചില കാര്യങ്ങൾ നമ്മുടെ വീടിനകത്ത് ഉള്ളതുകൊണ്ടാണ്.
ഒരു ഉദാഹരണം പറയാം.
അത്യാവശ്യം കൃഷിയും കാര്യങ്ങളും ഉണ്ടായിരുന്ന എന്റെ ഓട് മേഞ്ഞ തറവാട്ടിൽ ഇടക്കിടെ പാമ്പും ചേരയും കേറി വരുമായിരുന്നു, പണ്ട്.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ ഏലി വയനാട്ടിൽ നിന്ന് വരും, ആ എലിയെ പിടിക്കാൻ ചുറ്റുവട്ടത്തുള്ള പാമ്പുകളും എത്തും.
അല്ലാതെ പാമ്പുകൾക്ക് ഞങ്ങളോട് എന്തെങ്കിലും വ്യക്തി വിരോധം ഉണ്ടായിട്ടോ, മേല്പറഞ്ഞപോലെ നമ്മൾ പാമ്പുകളുടെ അമ്മാവന്മാർ ആയിട്ടോ അല്ല ഇവറ്റകൾ ഇങ്ങനെ കയറി വരുന്നത്.
പത്തായത്തിൽ സൂക്ഷിച്ചിരുന്ന അരിയും നെല്ലും, ബക്കറ്റുകളിലേക്കും, ഭരണികളിലേക്കും മാറ്റിയതോടെ എലികൾ പോയി, പുറകെ പാമ്പുകളും വരാതായി.
എന്നാൽ നിലവിലെ വീടുകളിൽ അരിയും നെല്ലും ഒന്നും അങ്ങനെ എലിക്ക് കിട്ടുന്ന വിധത്തിൽ അല്ല സൂഷിക്കാറ്, എന്നിട്ടും പാമ്പ് വീട്ടിൽ എത്തുന്നു എങ്കിൽ അവയെ ആകർഷിക്കുന്ന ഘടകം വേറെയാണ്.
കാലാവസ്ഥ.
നിലവിലെ കേരളത്തിലെ അത്യുഗ്രമായ ചൂടിൽ നിന്നും രക്ഷ തേടിയാണ് ഇവ വീടുകളിൽ എത്തുന്നത്.
ഇതിനെ പ്രതിരോധിക്കാൻ എന്ത് ചെയ്യണം ..?
ഫൗണ്ടേഷൻ ഉയരം വർധിപ്പിക്കുന്നത് നല്ലതാണ്, ഇത് ഇഴജന്തുക്കൾക്ക് മുകളിലോട്ടു കയറാനുള്ള പ്രവണത കുറയ്ക്കും, ഇത് ഈർപ്പത്തെയും, വെള്ളപ്പൊക്കത്തെയും ഒക്കെ പ്രതിരോധിക്കും.
സ്റ്റെപ്പുകൾ സോളിഡ് ആയി നിർമ്മിക്കുകയും അവക്ക് അടിയിൽ ഈർപ്പവും, ഒളിച്ചിരിക്കാനുള്ള സ്ഥലവും ഉണ്ടാവുന്നത് തടയുകയും ചെയ്യുക, സ്റ്റെപ്പുകളിലേക്കു കൂടുതൽ വെളിച്ചം കിട്ടുന്ന ലൈറ്റുകൾ വെക്കാം.
പുറം ഭിത്തിയോട് ചേർന്നുള്ള ഉയരം കൂടിയ ഫ്രഞ്ചു വിൻഡോകളുടെ താഴ്ഭാഗം തുറന്നു കിടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
ദിവസവും നനയ്ക്കുന്ന, ഭിത്തിയോട് ചേർന്ന പ്ലാന്റ് ബോക്സുകളിൽ ഒരു ശ്രദ്ധ പതിക്കുക. അതുപോലെ വീടിനോടു മുട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുക.
എന്നാൽ ഇവയെക്കാൾ ഒക്കെ അപകടമാണ് മേൽപ്പറഞ്ഞ ജാളി, വിശേഷിച്ചു ഗ്രൗണ്ട് ഫ്ലോറിൽ, ബേസ്‌മെന്റിനു തൊട്ടു മുകളിൽ ആയി ഉള്ളവ.
ഇഴഞ്ഞു വരുന്ന ഒരു പാമ്പിനോ, ചേരക്കോ മുന്നിൽ സ്വതന്ത്രമായി കിടക്കുന്ന അനേകം മാളങ്ങളുടെ ഒരു ശ്രുംഖലയാണ് ഓരോ ജാലിയും.
അവസരങ്ങളുടെ അനന്ത സാധ്യത.
അതുകൊണ്ടുതന്നെ ഒരു തടസ്സവും ഇല്ലാതെ അവ നമ്മുടെ വീട്ടിൽ എത്തും.
അത്തരം നിർമ്മിതികൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ അവ നീക്കം ചെയ്യുകയോ, ഇത്തരം ജീവികൾക്ക് കയറാനാകാത്ത വിധം അവ സുരക്ഷിതമാക്കുകയോ ചെയ്യണം.
വീടിനു സ്ഥാനം കാണാൻ വരുന്ന വാസ്തുവിദ്യക്കാരൻ നൽകുന്ന സംരക്ഷണത്തേക്കാൾ വലുതാണ് ഒരു പ്രൊഫഷണലിന്റെ വീട് രൂപകൽപ്പന എന്ന ബോധവും പ്രബുദ്ധ മലയാളിക്ക് വേണം.
പ്ലാനിനു കൊടുക്കുന്ന പ്രാധാന്യം തന്നെ എലിവേഷനിലെ മേൽപ്പറഞ്ഞ വസ്തുതകൾക്കും നൽകണം, ശാസ്ത്രീയമായ പ്ലാനുകൾ പോലെ തന്നെയാണ് ശാസ്ത്രീയമായ എലിവേഷനുകളും.
അവയെ കേവലം ബാഹ്യ സൗന്ദര്യത്തിന്റെ കണ്ണിൽ വീക്ഷിക്കാം...
ഒപ്പം എൽസമ്മ ടീച്ചറുടെ പ്രായോഗിക ബുദ്ധിയും ഉണ്ടാവണം എന്ന് മാത്രം.
Copy paste..