28/12/2018
എന്താണ് അക്വാപോണിക്സ്
ഹൈഡ്രോപോണിക്സ് എന്നാല് വര്ക്കിംഗ് വാട്ടര് അഥവാ ജോലി ചെയ്യുന്ന വെള്ളം എന്നാണ്. അതായത് ഹൈഡ്രോപോണിക്സില് വെള്ളം നമുക്ക് വേണ്ടി ചെടികളെ പരിപോഷിപ്പിക്കുന്നു. ഇവിടെ വെള്ളവും വളവും നല്കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളം തന്നെയാണ് പ്രവര്ത്തിക്കുന്നത്. ചെടികള്, മണ്ണിലല്ല വെള്ളത്തിലാണ് വളരുന്നത്.
അക്വാപോണിക്സ് എന്നാല് ഹൈഡ്രോപോണിക്സും, അക്വാകള്ച്ചറും കൂടിയതാണ്. അക്വാകള്ച്ചര് ഭക്ഷ്യയോഗ്യമായ മീനിനെ കൃഷിചെയ്യുന്ന കൃഷിരീതിയാണ്. അക്വാകള്ച്ചറിലേയും ഹൈഡ്രോപോണിക്സിലെയും തത്ത്വങ്ങളെ ക്രോഡീകരിച്ചുകൊണ്ടുള്ള ഒരു കൃഷി രീതിയാണ് അക്വാപോണിക്സ്.
അക്വാപോണിക്സ് കൃഷിയില് മീനും ചെടിയും ഒരുമിച്ചാണ് കൃഷി ചെയ്യുന്നത്. ഈ കൃഷി രീതിയില് ബാക്ടീരിയകളുടെ പ്രവര്ത്തനം മൂലം മീനിന്റെ കാഷ്ഠം നൈട്രേററ് രൂപത്തിലാക്കി ചെടികള്ക്ക് വളമായി നല്കുന്നു. ചെടികള് വെള്ളം ശുദ്ധികരിച്ച് മീനിന്റെ വളര്ച്ചക്ക് അനുകൂലമായ അവസ്ഥ സംജാതമാക്കുകയും ചെയ്യും.
ഗുണങ്ങള്
1. ഓരേ സമയം മീനും പച്ചക്കറിയും പ്രദാനം ചെയ്യുന്നു.
2. ചെടികള്ക്ക് വെള്ളവും വളവും സ്വയമേവ പ്രവര്ത്തനഫലമായി (Automatic) നല്കാന് കഴിയും.
3. സാധാരണ മണ്ണില് കൃഷി ചെയ്യുമ്പോള് ചെയ്യേണ്ട നിലം ഒരുക്കുക, കളകള് പറിക്കല്, ചെടികള്ക്ക് വെള്ളവും വളവും നല്കല്, ഇടയിളക്കല്, കാഠിന്യമുള്ള മററു ജോലികള് എന്നിവ അക്വാപോണിക്സില് ഒഴിവാക്കാനാകും.
4. ഓരോ ചെടികളുടെയും വേരു മണ്ഡലത്തില് വെള്ളവും വളവും എത്തിച്ചുക്കൊടുക്കുന്നതു കൊണ്ട് ചെടികള് തമ്മില് വെള്ളത്തിനോ വളത്തിനോ വേണ്ടി മല്സരം ഉണ്ടാകുന്നില്ല. അതിനാല് ഒരു യൂണിററു സ്ഥലത്തില് 5 മുതല് 10 ശതമാനം വരെ കൂടുതല് ചെടികള് വളര്ത്താനാകും.
5. മണ്ണില് വളരുന്ന ചെടികളെക്കാള് വേഗത്തില് വളരുന്നു.
6. വെള്ളം പരിചംക്രമണം ചെയ്യുന്നതിനാല് മണ്ണില് കൃഷി ചെയ്യുമ്പോള് ജലസേചനത്തിനു വേണ്ടി വരുന്ന വെള്ളത്തിന്റെ 5 -10 ശതമാനം മാത്രമെ അക്വാപോണിക്സില് വേണ്ടി വരുന്നുള്ളൂ. കൂടാതെ വെള്ളത്തിലെ വളവും വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.
7. അക്വാപോണിക്സ് മണ്ണിതര മാധ്യമങ്ങളില് കൃഷി ചെയ്യുന്നതിനാല് നല്ല മണ്ണിന്റേയും, ജലത്തിന്റേയും, ദൗര്ലഭ്യം ഉള്ള സ്ഥലങ്ങളില് വളരെ അനുയോജ്യമായ കൃഷിരീതിയാണിത്.
8. മണ്ണ് ഉപയോഗിക്കാത്തതിനാല് മണ്ണിലൂടെ വളരുന്ന എല്ലാ രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം ഒഴിവാക്കാനാകും.
9. അക്വാപോണിക്സ് കൃഷിയില് കളനാശിനിയോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല് ജൈവരീതിയില്/ തികച്ചും സുരക്ഷിതമായ രീതിയില് ഉല്പാദിപ്പിച്ച് ആരോഗ്യദായകമായ പച്ചക്കറിയും മീനുമാണ് ലഭിക്കുന്നത്.
10. സിസ്റ്റം ഒരിക്കല് സ്ഥാപിച്ചു കഴിഞ്ഞാല് അദ്ധ്വാനം കുറവായതിനാല് 14 വയസ്സിനു മുകളിലുള്ള കുട്ടികള്ക്കോ 75 വയസ്സ് കഴിഞ്ഞ വയോധികനോ വീല് ചെയര് ഉപയോഗിക്കുന്ന വികലാംഗനായ ഒരാള്ക്കോ വേണമെങ്കിലും അക്വാപോണിക്സ് കൃഷി കൈകാര്യം ചെയ്യാന് കഴിയും.
11. ഒരു സിസ്റ്റത്തില് തന്നെ വിവിധ തരം ചെടികള് കാലാനുസൃതമല്ലാതെ കൊല്ലം മുഴുവനും കൃഷി ചെയ്യുവാനാകും.
12. രോഗകീട ബാധ താരതമ്യേന കുറവായിരിക്കും.
13. സാധാരണ അക്വാകള്ച്ചറിനെ അപേക്ഷിച്ച് അക്വാപോണിക്സ് കൃഷിരീതിയില് 30 മുതല് 100 ഇരട്ടി വരെ മീനിനെ കൃഷി ചെയ്യാനാകും.
14. ഒരു വീട്ടില് ആവശ്യത്തിനായുള്ള ചെറിയ യൂണിററുകള് മുതല് വ്യാവസായിക ആവശ്യത്തിനായുള്ള വലിയ യൂണിററുകള് വരെ കുററമററതായി (വേണ്ട സംവിധാനങ്ങള് ഒരുക്കി) പ്രവര്ത്തിക്കും വിധം ഒരുക്കാനാകും.
15. പുറത്തും ഗ്രീന്ഹൗസുകളിലും ഇന്ഡോറിലും ഇത്തരം കൃഷി ചെയ്യാനാകും.
16. ഈ കൃഷി രീതി സുരക്ഷിതവും പരിസ്ഥിതിക്ക് ഒരുവിധത്തിലും കോട്ടം സൃഷിടിക്കാത്തതും സുസ്ഥിരമായി കൊണ്ടുപോകാവുന്നതുമാണ്.
17. ഈ കൃഷിരീതിയില് മീനും ചെടികളും പരസ്പരപൂരകമായി പ്രവര്ത്തിക്കുന്നു.
18. രാസവളം, ജൈവവളം, രാസകീടനാശിനി, കളനാശിനി തുടങ്ങിയവ വാങ്ങി സ്റേറാക്ക് ചെയ്യേണ്ടി വരുന്നില്ല.
19. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളായ മരുഭൂമി, മണല് പ്രദേശം, ഉപ്പു മണ്ണുള്ള സ്ഥലം എന്നിവടങ്ങളിലും ഈ കൃഷി രീതി അനുവര്ത്തിക്കാം.
20. സിസ്ററം സ്ഥാപിച്ചതിനു ശേഷം പ്രവര്ത്തിക്കുന്നതിന് (To operate the system) വളരെ കുറച്ച് കായികാധ്വാനം മാത്രമെ വേണ്ടി വരുന്നുള്ളു. ആയതിനാല് കൂലിയിനത്തില് ലാഭിക്കാനാകും.