Krish Farm

Krish Farm Grow Green, Live Green

28/06/2026
25/05/2026

വളപയർ:
***********
(ചെലവില്ലാതെ മണ്ണിലെ നൈട്രജൻ കൂട്ടാൻ ഒരു മികച്ച പച്ചിലവളം)
************************************************

​പയറുവർഗ്ഗത്തിൽ പെട്ട വളപയർ മികച്ചൊരു പച്ചിലവളവിളയാണ്.
ജൂൺ - ജൂലൈ മാസങ്ങളിൽ തെങ്ങിൻതോപ്പുകളിലും പറമ്പുകളിലും പച്ചിലവളത്തിനായി ഇത് വ്യാപകമായി കൃഷി ചെയ്യാവുന്നതാണ്. ഇതുകൂടാതെ, മാർച്ച് - ഏപ്രിൽ മാസങ്ങളിൽ കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ അവശേഷിക്കുന്ന ഈർപ്പം പ്രയോജനപ്പെടുത്തിയും വളപയർ വിജയകരമായി കൃഷി ചെയ്തുവരുന്നു. ചുരുങ്ങിയ ചെലവിൽ മണ്ണിൻ്റെ ഗുണനിലവാരം വീണ്ടെടുക്കാനും മികച്ച വിളവുറപ്പാക്കാനും സഹായിക്കുന്നതിനാൽ കർഷകർക്ക് ഏറെ പ്രിയങ്കരമാണ് ഈ പച്ചിലവളം.

​വിത്തുപാകിയാണ് വളപയർ പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു ഹെക്ടർ സ്ഥലത്തേക്ക് സാധാരണയായി 10 മുതൽ 40 കിലോഗ്രാം വരെ വിത്താണ് നിർദ്ദേശിക്കപ്പെടാറുള്ളത്. ശരിയായി വളർന്നു പാകമാകുന്ന ഒരു ഹെക്ടർ വളപയർ കൃഷിയിൽ നിന്നും ഏകദേശം 10 മുതൽ 15 ടൺ വരെ പച്ചിലവളവും, അതോടൊപ്പം ചെടികൾ മണ്ണിൽ നിന്ന് ആഗിരണം ചെയ്ത് സംഭരിക്കുന്ന 40 കിലോഗ്രാം വരെ നൈട്രജനും (നൈട്രജൻ സ്ഥിരീകരണം വഴി) കൃഷിയിടത്തിന് ലഭ്യമാകുന്നു. ഇത് മണ്ണിൻ്റെ ഭൗതികവും രാസപരവുമായ ഘടനയെ പൂർണ്ണമായും മാറ്റിമറിക്കാൻ ശേഷിയുള്ളതാണ്.

​വളപയറിൽ ചെടികൾക്കാവശ്യമായ പ്രധാന പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. അന്തരീക്ഷത്തിലെ നൈട്രജനെ വേരുകളിലെ ഗ്രന്ഥികൾ (Root Nodules) വഴി മണ്ണിലേക്ക് ആഗിരണം ചെയ്യാനുള്ള അസാധാരണ കഴിവ് ഇതിനുണ്ട്. പച്ചില ചീഞ്ഞുഴുകുമ്പോൾ മണ്ണിലേക്ക് ധാരാളമായി നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (NPK) എന്നീ പ്രൈമറി പോഷകങ്ങളും മറ്റ് സൂക്ഷ്മ മൂലകങ്ങളും സസ്യങ്ങൾക്ക് എളുപ്പം വലിച്ചെടുക്കാവുന്ന രൂപത്തിൽ റിലീസ് ചെയ്യപ്പെടുന്നു. കൂടാതെ, മണ്ണിലെ ജൈവാംശം (Organic matter) വർദ്ധിപ്പിക്കാനും ഉപകാരികളായ സൂക്ഷ്മജീവികളുടെ വളർച്ച ദ്രുതഗതിയിലാക്കാനും വളപയർ സഹായിക്കുന്നു.

​ഇത് കൃഷിയിടത്തിൽ ഉപയോഗിക്കുന്ന രീതി വളരെ ലളിതമാണ്. വളപയർ വിതച്ച് ഏകദേശം 45-50 ദിവസങ്ങൾ പിന്നിടുമ്പോൾ, അതായത് ചെടികൾ പൂവിടാൻ തുടങ്ങുന്ന കൃത്യമായ സമയത്ത് ഇവ ചുവടോടെ വെട്ടി മണ്ണിൽ ചേർത്ത് ഉഴുതു മറിക്കുകയോ കൊത്തിക്കിളച്ചു ചേർക്കുകയോ ചെയ്യണം. തെങ്ങിൻതടങ്ങളിലും മറ്റ് ഫലവൃക്ഷങ്ങളുടെ ചുവട്ടിലും ഇത് വളർത്തിയ ശേഷം പൂക്കുന്ന പ്രായത്തിൽ അവിടെത്തന്നെ വെട്ടി മൂടാം. പച്ചിലകൾ മണ്ണിൽ കിടന്ന് വേഗത്തിൽ അഴുകി ചേരുന്നതിലൂടെ അടുത്തതായി ചെയ്യുന്ന പ്രധാന വിളകൾക്ക് ആവശ്യമായ സമ്പൂർണ്ണ പോഷക ലഭ്യത ഉറപ്പാക്കാനും മണ്ണിലെ ഈർപ്പം നിലനിർത്താനും സാധിക്കുന്നു.

24/05/2026

മുളകിനെ കൊല്ലുന്ന മുരടിപ്പ് അഥവാ കുരുടിപ്പ് :
************************************************

മുളക് കൃഷി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ടതും മാരകവുമായ ഒരു പ്രശ്നമാണ് ഇല മുരടിപ്പ് അഥവാ കുരുടിപ്പ്. ഒരു വൈറസ് രോഗമായ ഇത് ചെടിയുടെ വളർച്ചയെ പൂർണ്ണമായി തടസ്സപ്പെടുത്തുകയും വിളവ് പാടെ ഇല്ലാതാക്കുകയും ചെയ്യുന്നു. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ തോട്ടം മുഴുവൻ നശിക്കാൻ ഇത് കാരണമാകും. എന്നാൽ കൃത്യമായ പരിചരണത്തിലൂടെയും ജൈവ മാർഗ്ഗങ്ങളിലൂടെയും ഈ രോഗത്തെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.

രോഗബാധയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ആ നാമ്പ് അല്പം താഴെ വെച്ച് നുള്ളിക്കളയുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ പുതിയ നാമ്പുകൾ വരാൻ തുടങ്ങും. പുതിയ നാമ്പുകളിലും കുരുടിപ്പ്‌ പ്രകടമായാൽ വീണ്ടും നുള്ളിക്കളയണം. ഒന്നോ രണ്ടോ വട്ടം ഇത്തരത്തിൽ നാമ്പ് നുള്ളിക്കളയുന്നതിലൂടെ കുരുടിപ്പ്‌ സാധാരണയായി അപ്രത്യക്ഷമാകാറുണ്ട്‌. ഈ രീതിക്ക് മറ്റൊരു ഗുണം കൂടിയുണ്ട്; നാമ്പ് നുള്ളുന്നത് വഴി ചെടിയിൽ ധാരാളം പുതിയ ശിഖരങ്ങൾ പൊട്ടുകയും ചെടി കൂടുതൽ പടർന്ന് പന്തലിച്ച് മികച്ച വിളവ് നൽകാൻ സഹായിക്കുകയും ചെയ്യും.

മണ്ണിലെ അമ്ലത്വം കുരുടിപ്പ് രോഗം കൂടാൻ ഒരു പ്രധാന കാരണമാണ്. മണ്ണിലെ അമ്ലത്വം നിയന്ത്രിക്കാൻ മുളക് ചെടിയുടെ ചുവട്ടിൽ ആവശ്യത്തിന് കുമ്മായം ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, കുമ്മായം ഇഴയകലം കൂടിയ ഒരു തുണിയില്‍ കെട്ടി മുളകുചെടിയുടെ കൂമ്പിലകളിൽ ചെറുതായി തൂകികൊടുക്കുന്നതും രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.

വീടുകളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫലപ്രദമായ ചില ജൈവക്കൂട്ടുകൾ ഉപയോഗിച്ച് ഈ രോഗത്തെ മാറ്റിയെടുക്കാം. വെളുത്തുള്ളി-മഞ്ഞൾപ്പൊടി മിശ്രിതമാണ് ഇതിൽ പ്രധാനപ്പെട്ടത്. 100 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ മിക്സ്‌ ചെയ്യുക. അതിലേക്ക് 50 ഗ്രാം മഞ്ഞൾപ്പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം അരിച്ചെടുത്ത് മുളക് ചെടിയുടെ ഇലകളിൽ സ്പ്രേ ചെയ്യാം.

ഇതുകൂടാതെ, പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ ഇരട്ടി വെള്ളവും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും കലക്കി സ്പ്രേ ചെയ്യുന്നതും, പുളിപ്പിച്ച തേങ്ങാവെള്ളം (10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) സ്പ്രേ ചെയ്യുന്നതും രോഗബാധയെ ഒരു പരിധി വരെ തടയും. അടുക്കളയിലെ ഉള്ളിത്തൊലി രണ്ട് ദിവസം വെള്ളത്തിലിട്ട് വെച്ച് പിഴിഞ്ഞെടുത്ത സത്തിൽ രണ്ടിരട്ടി വെള്ളം ചേർത്ത് തളിക്കുന്നതും മികച്ചൊരു പ്രതിവിധിയാണ്.

ജൈവ മാർഗ്ഗങ്ങൾക്ക് പുറമെ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാകുന്ന ഹൈഡ്രജൻ പെറോക്‌സൈഡ് (3% വീര്യമുള്ളത്) ഉപയോഗിച്ചും കുരുടിപ്പിന് പരിഹാരം കാണാം. 10 മില്ലി ഹൈഡ്രജൻ പെറോക്‌സൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലക്കി 2 ദിവസം കൂടുമ്പോൾ മുളകിന്റെ ഇലകളിൽ മാറി മാറി സ്പ്രേ ചെയ്‌തു കൊടുക്കുന്നത് കുരുടിപ്പ് മാറാൻ ഏറെ സഹായിക്കും. കൃത്യമായ ഇടവേളകളിലുള്ള ഇത്തരം പരിചരണങ്ങളിലൂടെ മുളക് ചെടികളെ കുരുടിപ്പിൽ നിന്നും സംരക്ഷിച്ച് മികച്ച വിളവ് കൊയ്യാൻ സാധിക്കും........

ടെറസ് ഗാർഡനിംഗ് (Terrace Gardening):*******************************************(ടെറസ്സ് കേടാകാതെ കൃഷി ചെയ്യാം!)*********...
27/04/2026

ടെറസ് ഗാർഡനിംഗ് (Terrace Gardening):
*******************************************
(ടെറസ്സ് കേടാകാതെ കൃഷി ചെയ്യാം!)
****************************************

ഇന്നത്തെ തിരക്കേറിയ നഗരജീവിതത്തിൽ പലർക്കും ഒരു വലിയ ആഗ്രഹമായിരിക്കും സ്വന്തമായി കുറച്ച് പച്ചക്കറികളോ പഴങ്ങളോ കൃഷി ചെയ്യുക എന്നത്. എന്നാൽ അതിനായി വീട്ടുമുറ്റത്തോ പറമ്പിലോ കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്ക്, അതിന് ഏറ്റവും നല്ല പരിഹാരമാണ് വീടിന്റെയോ ,ഫ്ലാറ്റിന്റെയോ മുകളിലുള്ള ടെറസ് കൃഷി. ടെറസ് ഗാർഡനിംഗ് ഇന്ന് ഏറെ പ്രചാരമുള്ള ഒരു രീതിയാണെങ്കിലും നിങ്ങളുടെ വീടിന്റെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ടെറസ്സിൽ കൃഷി ആരംഭിക്കാൻ പാടുള്ളൂ. ടെറസ്സിന്റെ ബലവും സുരക്ഷയും കൃഷിയുടെ വിജയവും ഉറപ്പാക്കാൻ ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

ടെറസ് കൃഷിയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഘടകം ടെറസ്സിന്റെ ഭാരം താങ്ങാനുള്ള ശേഷിയാണ്. ടെറസ് കൃഷി ചെയ്യുമ്പോൾ പലരും വിസ്മരിക്കുന്ന ഒരു കാര്യമാണിത്. നിങ്ങൾ വെക്കുന്ന ഗ്രോ ബാഗുകൾക്കോ ചട്ടികൾക്കോ ഒറ്റയ്ക്ക് വലിയ ഭാരം തോന്നില്ലെങ്കിലും, എല്ലാംകൂടി ചേരുമ്പോൾ ഉണ്ടാകുന്ന മൊത്തം ഭാരം വളരെ വലുതായിരിക്കും. നടീൽ മിശ്രിതങ്ങളായ മണ്ണ്, ചകിരിച്ചോറ്, വളം, ചെടികൾ, നനയ്ക്കുന്ന വെള്ളം എന്നിവയെല്ലാം ചേരുമ്പോൾ സാധാരണയായി ഒരു ഗ്രോ ബാഗിന് ഏകദേശം 8 മുതൽ 10 കിലോ വരെ ഭാരം ഉണ്ടാകും. ഇങ്ങനെ നിരവധി ഗ്രോ ബാഗുകൾ അല്ലെങ്കിൽ ചട്ടികൾ അടുക്കി വെക്കുമ്പോൾ, ടെറസ് താങ്ങേണ്ടി വരുന്ന ഭാരം വർദ്ധിക്കുന്നു. ടെറസ്സിന്റെ കാലപ്പഴക്കം അനുസരിച്ച്, ഇത്രയും ഭാരം താങ്ങാനുള്ള ശേഷി അതിനുണ്ടോ എന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ വിദഗ്ദ്ധരുമായി ആലോചിക്കുന്നതും നല്ലതാണ്.

കൃഷിക്ക് വെള്ളം അത്യാവശ്യമാണ്. എന്നാൽ, ടെറസ്സിൽ അധികമായി കെട്ടിനിൽക്കുന്ന വെള്ളം ചോർച്ചയ്ക്ക് കാരണമാകും, ഇത് വീടിന്റെ ആയുസ്സിനെ ബാധിക്കും. നിലവിൽ ലീക്ക് ഉള്ള ടെറസ് ആണെങ്കിൽ, കൃഷി തുടങ്ങുന്നതിന് മുൻപ് തന്നെ അത് പൂർണ്ണമായും പരിഹരിക്കണം. ഒരിക്കൽ കൃഷി തുടങ്ങിയാൽ, ഗ്രോ ബാഗുകളെല്ലാം നീക്കി ചോർച്ച അടയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. ചോർച്ചയില്ലാത്ത ടെറസ് ആണെങ്കിൽ പോലും, സുരക്ഷയ്ക്കായി തറ വൃത്തിയാക്കി സിമന്റിട്ട് തേച്ചതിന് ശേഷം ലീക് പ്രൂഫ് കെമിക്കലും വൈറ്റ് സിമന്റും ചേർത്ത മിശ്രിതം ഉപയോഗിച്ച് 2-3 കോട്ട് അടിക്കുന്നത് നല്ലതാണ്. 2-3 വർഷത്തിലൊരിക്കൽ ടെറസ്സിൽ ലീക് പ്രൂഫിംഗ് ചെയ്യുന്നത് ദീർഘകാല സുരക്ഷയ്ക്ക് ഉത്തമമാണ്.

കൃഷി ചെയ്യുന്ന ഗ്രോ ബാഗുകൾ, ചട്ടികൾ, അല്ലെങ്കിൽ ഡ്രമ്മുകൾ എന്നിവ ഒരിക്കലും ടെറസ്സിൽ നേരിട്ട് വയ്ക്കാൻ പാടില്ല. അതിനടിയിൽ ഇഷ്ടിക, പഴയ ഓട്, അല്ലെങ്കിൽ മെറ്റൽ, പ്ലാസ്റ്റിക് സ്റ്റാൻഡുകൾ എന്നിവയിലേതെങ്കിലും വെച്ച് ഉയർത്തി വെക്കുക. ഇത് ചെടികൾ നനയ്ക്കുമ്പോൾ അധികമായി വരുന്ന വെള്ളം എളുപ്പത്തിൽ വാർന്നുപോയി, ടെറസ്സിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ചട്ടികൾക്കടിയിൽ ഈർപ്പം നിലനിൽക്കുന്നത് തടയുകയും, അതുവഴി ടെറസ്സിന് കേടുപാടുകൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അതുപോലെ ചട്ടികളിൽ നിന്ന് പുറത്തുവരുന്ന വെള്ളം ടെറസ്സിൽ കെട്ടിനിൽക്കാതെ, കൃത്യമായി ടെറസ്സിന്റെ ഓവുചാലിലൂടെ ഒഴുകിപ്പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ടെറസ് കൃഷിയുടെ സുരക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഗ്രോ ബാഗുകളിലെ ഭാരം. നനഞ്ഞ മണ്ണ് ഇഷ്ടികയേക്കാൾ കനമുള്ളതാണ്. ഈ ഭാരം കുറയ്ക്കുന്നതിനും, അതേ സമയം ചെടിക്ക് മികച്ച വളർച്ച ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഭാരം കുറഞ്ഞ നടീൽ മിശ്രിതങ്ങൾ ഉപയോഗിക്കേണ്ടത്. മണ്ണിന്റെ അളവ് കുറയ്ക്കുകയും ഭാരം കുറഞ്ഞ മറ്റ് വസ്തുക്കൾ ചേർക്കുകയും ചെയ്യണം. അതിനായി ചകിരിച്ചോറ്, പെർലൈറ്റ്, വെർമികുലൈറ്റ്, മണൽ തുടങ്ങിയ ഭാരം കുറഞ്ഞ വസ്തുക്കൾ ചേർത്ത നടീൽ മിശ്രിതം ഉപയോഗിക്കാം. അവയോടൊപ്പം ചാണകപ്പൊടിയും, പിണ്ണാക്കുകളും മറ്റു ജൈവവളങ്ങളും ചേർക്കാം. ഈ മിശ്രിതം ഗ്രോ ബാഗുകളിൽ നിറച്ച് കൃഷി തുടങ്ങുമ്പോൾ, നിങ്ങളുടെ ടെറസ്സിൽ ഭാരത്തിന്റെ പ്രശ്നങ്ങളില്ലാതെ കൃഷി ചെയ്യാൻ സാധിക്കും.

ടെറസ് കൃഷി തുടങ്ങുമ്പോൾ, ചെടികൾ നടുന്നതിന് മുൻപ് തന്നെ ഗ്രോ ബാഗുകളും ചട്ടികളും ടെറസ്സിൽ സ്ഥാപിക്കേണ്ട രീതി ആസൂത്രണം ചെയ്യണം. ഒരൊറ്റ സ്ഥലത്ത് അമിത ഭാരം കേന്ദ്രീകരിക്കുന്നത് ടെറസ്സിന് ബലക്ഷയം ഉണ്ടാക്കും. ഗ്രോ ബാഗുകൾ ഒന്നിനോടൊന്ന് ചേർത്ത് തിങ്ങി നിറച്ച് വെക്കാതെ, കഴിയുന്നത്ര വിടവുകൾ നൽകി ടെറസ്സിന്റെ എല്ലാ ഭാഗത്തേക്കും ഭാരം തുല്യമായി വിതരണം ചെയ്യുക. വലിയ ചട്ടികൾ, മരം നടാൻ ഉപയോഗിക്കുന്ന ഡ്രമ്മുകൾ, വലിയ ഗ്രോ ബാഗുകൾ എന്നിവ പോലുള്ള ഏറ്റവും ഭാരം കൂടിയവ കെട്ടിടത്തിന്റെ പ്രധാന ചുമരുകൾക്ക് അടുത്തായി അല്ലെങ്കിൽ തൂണുകൾക്ക് മുകളിലായി വെയ്ക്കാൻ ശ്രദ്ധിക്കുക. ടെറസ്സിന്റെ മധ്യഭാഗത്തേക്കാൾ കൂടുതൽ ഭാരം താങ്ങാനുള്ള ശേഷി ചുമരുകൾക്ക് സമീപമുണ്ടാകും.

ഗ്രോ ബാഗുകൾ വരിവരിയായി ക്രമീകരിക്കുന്നതും, ഗ്രോ ബാഗുകൾക്കിടയിൽ കുറഞ്ഞത് ഒന്നരയടി മുതൽ രണ്ടടി വരെ വീതിയുള്ള നടപ്പാതകൾ നൽകുന്നതും ചെടികൾക്ക് വെള്ളം ഒഴിക്കാനും, വളമിടാനും, കീടങ്ങളെ ശ്രദ്ധിക്കാനും എളുപ്പമാക്കുകയും ചെടികൾക്കിടയിൽ കൂടി നടക്കാനും, പരിചരണത്തിനും, വിളവെടുപ്പിനും അത് സൗകര്യപ്രദമായിരിക്കും. ടെറസ്സിൽ ഏറ്റവും കൂടുതൽ വെയിൽ കിട്ടുന്ന ഭാഗങ്ങൾ കണ്ടെത്തി അവിടെ പച്ചക്കറി ചെടികൾ ക്രമീകരിക്കുക. ഒരു ചെടിക്ക് മറ്റൊരു ചെടി മറയാകാത്ത രീതിയിൽ വേണം വെക്കാൻ. ഉയരം കുറഞ്ഞ ചെടികളെ മുന്നിൽ ക്രമീകരിക്കുക. ഉദാഹരണത്തിന് ചീര, കാബേജ്, ചെറിയ ഇനം മുളകുകൾ, മറ്റ് ഇലക്കറികൾ എന്നിവ, പടരുന്നതോ ഉയരം കൂടുതലുള്ളതോ ആയ ചെടികളായ വെണ്ട, പയർ, തക്കാളി പിന്നിലുമായി ക്രമീകരിച്ചാൽ എല്ലാ ചെടികൾക്കും കൃത്യമായി വെയിൽ ലഭിക്കും.

ടെറസ് കൃഷി വിജയിപ്പിക്കുന്നതിൽ ഗ്രോ ബാഗുകൾ ക്രമീകരിക്കുന്ന രീതിക്ക് നിർണായകമായ പങ്കുണ്ട്. വെറും ഗ്രോ ബാഗുകൾ വെക്കലല്ല, കൃത്യമായ ഒരു ലേഔട്ട് നൽകി അവയെ ചിട്ടപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ടെറസ്സിന്റെ സുരക്ഷ ഉറപ്പുവരുത്താനും, കൃഷി എളുപ്പമാക്കാനും, മികച്ച വിളവ് നേടാനും സാധിക്കും..........

27/04/2026

ജൈവകൃഷിയിലെ 'പവർ ഹൗസുകൾ': പിണ്ണാക്ക് വളങ്ങളെ അടുത്തറിയാം
********************************************

ജൈവകൃഷിയിൽ ചാണകത്തിനും കമ്പോസ്റ്റിനുമൊപ്പം നാം കേട്ടു ശീലിച്ച ഒന്നാണ് പിണ്ണാക്ക് വളങ്ങൾ. എന്നാൽ ഇവ കേവലം ഒരു അനുബന്ധ വളം മാത്രമല്ല, ചെടികൾക്ക് ആവശ്യമായ മൂലകങ്ങളുടെ ഒരു വൻ ശേഖരം തന്നെയാണെന്നതാണ് വാസ്തവം. എണ്ണക്കുരുക്കളിൽ നിന്നും എണ്ണ വേർതിരിച്ചെടുത്ത ശേഷം ലഭിക്കുന്ന അവശിഷ്ടങ്ങളാണ് പിണ്ണാക്കുകൾ. ചാണകത്തെ അപേക്ഷിച്ച് ഇവയിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് കൂടുതലാണ്. കാർബൺ-നൈട്രജൻ അനുപാതം കുറവായതിനാൽ ഇവ മണ്ണിൽ വേഗത്തിൽ വിഘടിക്കുകയും ചെടികൾക്ക് പെട്ടെന്ന് ആഹാരമാവുകയും ചെയ്യുന്നു.

വിവിധയിനം പിണ്ണാക്കുകൾക്ക് ഓരോന്നിനും തനതായ ഗുണങ്ങളുണ്ട്. നൈട്രജൻ സമൃദ്ധമായ കപ്പലണ്ടി പിണ്ണാക്കും കടല പിണ്ണാക്കും ചെടികളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും ഇലകൾ തഴച്ചു വളരാനും ഉത്തമമാണ്. കൃഷിയിലെ പോരാളിയായ വേപ്പിൻ പിണ്ണാക്ക് വളം എന്നതിലുപരി ഒരു മികച്ച കീടനാശിനി കൂടിയാണ്. ഇത് മണ്ണിലെ നിമാവിരകളെയും ദോഷകരമായ ബാക്ടീരിയകളെയും നശിപ്പിച്ച് മണ്ണിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ ആവണക്ക്, എള്ള്, തേങ്ങാപ്പിണ്ണാക്ക് എന്നിവയും മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താൻ സഹായിക്കുന്ന മികച്ച ഘടകങ്ങളാണ്.

പിണ്ണാക്കുകൾ നേരിട്ട് മണ്ണിൽ ചേർക്കുന്നതിനേക്കാൾ ഗുണകരം അവ പുളിപ്പിച്ച് ഉപയോഗിക്കുന്നതാണ്. ഒരു കിലോ പിണ്ണാക്ക് പത്തു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടു മുതൽ നാല് ദിവസം വരെ തണലത്ത് വെച്ച് പുളിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപകാരികളായ സൂക്ഷ്മജീവികൾ വർദ്ധിക്കുകയും പോഷകങ്ങൾ ലളിതമായ രൂപത്തിലാവുകയും ചെയ്യുന്നു. ഈ ലായനി നേരിട്ട് ഒഴിക്കാതെ, ആവശ്യത്തിന് വെള്ളം ചേർത്ത് നേർപ്പിച്ച് (ഏകദേശം ഇരട്ടി വെള്ളം) ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് ചെടികൾക്ക് ഊർജ്ജസ്വലമായ വളർച്ച നൽകും.

പൂച്ചെടികൾക്കും പച്ചക്കറികൾക്കും ഒരുപോലെ ഫലപ്രദമാണ് ഈ വളപ്രയോഗം. ജമന്തി, റോസ്, ചെമ്പരത്തി തുടങ്ങിയ പൂച്ചെടികളിൽ പൂക്കൾ ധാരാളമായി ഉണ്ടാകാൻ കടല പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും സഹായിക്കുന്നു. തക്കാളി, മുളക്, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളിൽ മികച്ച വിളവ് ഉറപ്പാക്കാൻ രണ്ടാഴ്ചയിലൊരിക്കലുള്ള പിണ്ണാക്ക് വളപ്രയോഗം ഏറെ ഗുണകരമാണ്. പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾക്കും ഇത് മികച്ച കരുത്ത് നൽകുന്നു.

പിണ്ണാക്ക് വളങ്ങൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദ്രവരൂപത്തിലുള്ള വളം ഉപയോഗിക്കുമ്പോൾ അത് ചെടികളുടെ ഇലകളിൽ വീഴാതെ നോക്കണം; അല്ലാത്തപക്ഷം ഫംഗസ് ബാധയ്ക്ക് സാധ്യതയുണ്ട്. അതുപോലെ തന്നെ, അധികമായാൽ അമൃതും വിഷം എന്ന് പറയും പോലെ, ചട്ടികളിൽ ഉപയോഗിക്കുമ്പോൾ അളവ് കൂടരുത്. പുതിയ തൈകൾക്ക് നേരിട്ട് പിണ്ണാക്ക് നൽകാതെ അവ വേരുപിടിച്ച് കരുത്താർജ്ജിച്ച ശേഷം മാത്രം വളം നൽകിത്തുടങ്ങുക.

രാസവളങ്ങളുടെ ഉപയോഗം കുറച്ച് മണ്ണിന്റെ സ്വാഭാവിക ഘടന നിലനിർത്താൻ പിണ്ണാക്ക് വളങ്ങൾ സഹായിക്കുന്നു. മണ്ണ് ഉണങ്ങിയിരിക്കുന്ന സമയത്ത് വളം നൽകുന്നതാണ് ഏറ്റവും ഉചിതം. കൃത്യമായ ഇടവേളകളിൽ അനുയോജ്യമായ പിണ്ണാക്കുകൾ ഉപയോഗിക്കുന്നതിലൂടെ വിഷരഹിതമായ നല്ല വിളവുകൾ നമുക്ക് സ്വന്തമാക്കാം. മണ്ണിനെ അറിഞ്ഞ്, ഗുണമേന്മയുള്ള വളങ്ങൾ നൽകി നമുക്ക് നല്ലൊരു ജൈവസംസ്കാരം കെട്ടിപ്പടുക്കാം.

26/04/2026

വാട്ടരോഗം (Wilt Disease):
(തക്കാളിയുടെ വില്ലൻ)
****************************

തക്കാളി ചെടി പൂവിടുമ്പോൾ പെട്ടെന്ന് ചുവട് ഉണങ്ങുകയും ഇലകൾ കരിയുകയും ചെയ്യുന്നത് കർഷകർ നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഇതിനെ പ്രധാനമായും വാട്ടരോഗം (Wilt Disease) എന്നാണ് വിളിക്കുന്നത്. തക്കാളിയിൽ ഇത് രണ്ട് തരത്തിൽ വരാം. ബാക്ടീരിയൽ വാട്ടം (Bacterial Wilt) അല്ലെങ്കിൽ ഫംഗസ് മൂലമുള്ള വാട്ടം (Fusarium Wilt).

ബാക്ടീരിയൽ വാട്ടം:
***********************

ഇതിൽ ബാക്ടീരിയൽ വാട്ടം ആണെങ്കിൽ ചെടി നല്ല ആരോഗ്യത്തോടെ നിൽക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം വാടിപ്പോകുന്നതാണ് ലക്ഷണം. വൈകുന്നേരം വാടുകയും രാവിലെ ഉന്മേഷത്തോടെ ഇരിക്കുകയും ചെയ്യും. കുറച്ചു ദിവസത്തിനുള്ളിൽ ചെടി പൂർണ്ണമായും ഉണങ്ങും.ഇതു തിരിച്ചറിയാൻ വേണ്ടി വാടിയ ഒരു തണ്ട് മുറിച്ച് ഒരു ഗ്ലാസ് ശുദ്ധജലത്തിൽ മുക്കി വെക്കുക. തണ്ടിൽ നിന്നും പാൽ നിറത്തിലുള്ള ദ്രാവകം നൂൽ പോലെ താഴേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ അത് ബാക്ടീരിയൽ വാട്ടമാണ്.

ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ആദ്യം ചെയ്യേണ്ടത്, രോഗം ബാധിച്ച ചെടി വേരോടെ പിഴുതെടുത്ത് തീയിട്ട് നശിപ്പിക്കുകയോ അല്ലെങ്കിൽ വളരെ ദൂരെ മണ്ണിൽ കുഴിച്ചുമൂടുകയോ ചെയ്യുക. മറ്റു ചെടികളിലേക്ക് പടരാതിരിക്കാൻ കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തടത്തിൽ ഒഴിക്കുക. രോഗം കണ്ട് പിഴുതുമാറ്റിയ ചെടിയുടെ തടത്തിലും ചുറ്റുമുള്ള ചെടികളുടെ തടത്തിലും 1 ലിറ്റർ വെള്ളത്തിൽ 10-15 ഗ്രാം ബ്ലീച്ചിംഗ് പൗഡർ കലക്കി ഒഴിക്കുന്നത് ബാക്ടീരിയയുടെ വ്യാപനം തടയാൻ സഹായിക്കും. തൈകൾ നടുമ്പോൾ വേരുകൾ 2% വീര്യമുള്ള സ്യൂഡോമോണാസ് ലായനിയിൽ 20 മിനിറ്റ് മുക്കിവെക്കുക. നട്ടുകഴിഞ്ഞാൽ രണ്ടാഴ്ചയിലൊരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ചെടി നടുന്നതിന് മുൻപ് മണ്ണിൽ ചുണ്ണാമ്പ് ചേർക്കുന്നത് മണ്ണിലെ അസിഡിറ്റി കുറയ്ക്കാനും ബാക്ടീരിയയെ നിയന്ത്രിക്കാനും സഹായിക്കും. തക്കാളി കൃഷി ചെയ്ത സ്ഥലത്ത് അടുത്ത തവണ വഴുതന, മുളക് എന്നിവ നടരുത് (ഇവയ്ക്കും ഒരേ രോഗം വരാം). പകരം പയറവർഗ്ഗങ്ങളോ ചീരയോ കൃഷി ചെയ്യുക.

ഫംഗസ് മൂലമുള്ള വാട്ടം:
***************************

ഇലകൾ അടിയിൽ നിന്ന് മുകളിലേക്ക് മഞ്ഞനിറമായി കരിഞ്ഞു തുടങ്ങുന്നതാണ് ഇതിന്റെ ലക്ഷണം. രോഗം ബാധിച്ച ചെടി കണ്ടാൽ അത് ഉടൻ തന്നെ വേരോടെ പിഴുതെടുത്ത് കത്തിച്ചുകളയുക. ആ തടത്തിൽ വീണ്ടും തക്കാളി നടരുത്. രോഗം ബാധിച്ച ചെടി പിഴുത മണ്ണിൽ അല്പം ബ്ലീച്ചിംഗ് പൗഡറോ കുമ്മായമോ വിതറുന്നത് അണുവിമുക്തമാക്കാൻ സഹായിക്കും. വിത്തുകൾ നടുന്നതിന് മുൻപ് സ്യൂഡോമോണാസ് ലായനിയിൽ 20 മിനിറ്റ് മുക്കിവെക്കുന്നത് തുടക്കത്തിലേ രോഗം തടയാൻ സഹായിക്കും.

മണ്ണിലെ ഫംഗസിനെ നശിപ്പിക്കാൻ ട്രൈക്കോഡെർമ എന്ന മിത്രകുമിൾ ഉപയോഗിക്കാം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടമാക്കി ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. ഇത് മണ്ണിലെ ദോഷകാരികളായ ഫംഗസുകളെ നശിപ്പിക്കും. ഇതേ മിശ്രിതം ഇലകളിൽ തളിക്കുന്നത് പ്രതിരോധശേഷി കൂട്ടും. തൈകൾ നടുന്നതിന് 2 ആഴ്ച മുൻപ് മണ്ണിൽ കുമ്മായം ചേർക്കുന്നത് മണ്ണിന്റെ Acidity കുറയ്ക്കാനും രോഗാണുക്കളെ നശിപ്പിക്കാനും സഹായിക്കും. തക്കാളിത്തടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വെള്ളം കെട്ടിനിന്നാൽ ഫംഗസ് വേഗത്തിൽ പടരും.

തക്കാളി കൃഷിയിലെ വില്ലനായ വാട്ടരോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ അത്യന്താപേക്ഷിതമാണ്. ബാക്ടീരിയൽ വാട്ടമാണോ അതോ ഫംഗസ് മൂലമുള്ള ഫ്യൂസേറിയം വാട്ടമാണോ എന്ന് തിരിച്ചറിഞ്ഞ ശേഷം വേണം കൃത്യമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാൻ. പ്രതിരോധശേഷിയുള്ള വിത്തിനങ്ങളുടെ തിരഞ്ഞെടുപ്പ്, ശാസ്ത്രീയമായ മണ്ണ് പരിപാലനം, കൃത്യസമയത്തുള്ള ജൈവ-രാസ കീടനാശിനികളുടെ പ്രയോഗം എന്നിവയിലൂടെ ഈ രോഗത്തെ ഒരു പരിധിവരെ തടയാനും തക്കാളി കൃഷി ലാഭകരമാക്കാനും കർഷകർക്ക് സാധിക്കും.........

Gardening Tools, gloves, HDPE growbag also available in Krish Farm. Low price.
01/02/2026

Gardening Tools, gloves, HDPE growbag also available in Krish Farm. Low price.

New arrival of Gardening  Tools. Now at  330/-
29/01/2026

New arrival of Gardening Tools. Now at 330/-

Address

Krish Farm, Vadakkevila, Balaramapuram P. O
Neyyattinkara
695501

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918921253625

Alerts

Be the first to know and let us send you an email when Krish Farm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Krish Farm:

Shortcuts

Share

Category