07/03/2022
നമ്മുടെ തൊടിയിൽ കയ്യെത്തും ദൂരത്തു വെണ്ടയും വഴുതനയും കൂടാതെ കുറച്ചു കാര്യങ്ങൾ വേണ്ടതല്ലേ...??
അതെന്തൊക്കെ?? അതിനു വേണ്ടി എന്ത് ചെയ്യണം ..?
കറിവേപ്പ്.
കാര്യം കഴിഞ്ഞാൽ കറിവേപ്പിന്റെ സ്ഥാനം പറമ്പിലാണങ്കിലും, കാര്യം കാണാൻ അത് തന്നെ വേണം.
വേരിൽ പൊട്ടി മുളക്കുന്ന ചെറിയ തൈകൾ, കുരു പാകി കിളിപ്പിക്കുന്ന രീതി ഇവയാണ് നടീൽ രീതികൾ.മഴ ആരംഭിക്കുന്ന മെയ്‌മാസം മുതല്‍ ഒക്ടോബര്‍ മാസം വരെയാണ് കറിവേപ്പ് കൃഷിയ്‌ക്കു ഏറ്റവും യോജിച്ച കാലാവസ്ഥ. ചെറിയ പ്ലാസ്റ്റിക് കൂടുകളില്‍ ജൈവ വളവും, മണ്ണും, ചകിരിച്ചോറും നിറയ്‌ക്കുക. ഈ മിശ്രിതത്തിന്റെ കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്കും കൂടെ ചേര്‍ക്കുന്നത് നല്ലതാണ്. ഇതുകൊണ്ട് ജൈവ കീടനാശിനിയുടെ ഗുണവും ജൈവ വളത്തിന്റെ ഗുണവും ലഭിയ്‌ക്കും. രോഗമില്ലാത്ത മാതൃവൃക്ഷത്തിന്റെ വിത്തുവേണം ശേഖരിക്കുവാന്‍. പ്ലാസ്റ്റിക് കൂടുകളില്‍ കിളിര്‍ത്ത തൈകള്‍ രണ്ടു മൂന്ന് മാസത്തിനകം കൃഷി സ്ഥലങ്ങളിലേക്ക് നടാന്‍ പാകമാകും.
പുതിന.
ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് ഇനി വെറുതെ കളയണ്ട, ഇതു ഉപയോഗിച്ച് കൃഷി ചെയ്യാം., ഒന്ന് ശ്രദ്ധിച്ചാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷമടിച്ച പൊതിനയുടെ ഉപയോഗം ഇല്ലാതാക്കാന്‍ കഴിയും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന നന്നായി വളരും. വെയിലും നനയും ശ്രദ്ധിക്കണം
ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ ഇടയ്ക്കു കൊടുത്താല്‍ ഇഷ്ട്ടം പോലെ ഫ്രഷ് പുതിന നമുക്കും കിട്ടും
മല്ലിയില.
രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.
ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്‍റെ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളംചേരത്തിരിക്കണം. മേൽ മണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവകൂട്ടിയ മിശ്രിതമാണ് നല്ലത്.
രംഭയില.
ആഹാരത്തിന് രുചിയും മണവും കൂട്ടാനായി ബിരിയാണിക്കൈത എന്നറിയപ്പെടുന്ന,രംഭയെന്ന സുഗന്ധച്ചെടിയും നമ്മുടെ നാട്ടിൽ വ്യാപകമാവുകയാണ്.
മാതൃസസ്യത്തിന്റെ വേരുകളിലുണ്ടാവുന്ന ചിനപ്പുകൾ ഇളക്കിയെടുത്താണ് കൃഷി വ്യാപിപ്പിക്കുന്നത്.ജൈവവളമാണ് പഥ്യം. ഏതു കാലാവസ്ഥയിലും നന്നായി വളരും. പൂക്കൈത ഇലയോട് സാമ്യമുള്ളതാണ് ഇതിന്റെ ഇല. നന്നായി നനച്ചുകൊടുക്കുകയും ഇല മുറിച്ചെടുക്കുന്നതിനനുസരിച്ച് ചുവട്ടിൽ മണ്ണ് ചേർത്തുകൊടുക്കുകയും വേണം. തൈ നട്ട് ആറുമാസത്തോളമായാൽ ഇല ഉപയോഗിച്ചുതുടങ്ങാം.പൂർണവളർച്ചയെത്തിയ ചെടി അഞ്ചടിവരെ ഉയരംവെക്കും.
ആഫ്രിക്കൻ മല്ലി.
ആഫ്രിക്കൻ മല്ലി അഥവാ ശീമ മല്ലി. മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും മല്ലിയുടെ നറുമണവും സ്വാദും പകരും.
പൂക്കൾ കരിഞ്ഞാൽ അതിനുള്ളിൽ നിന്നുള്ള വിത്തുകളാണ് നടീൽ വസ്തു.
ഒരിക്കൽ നട്ടാൽ കാര്യമായ പരിചരണം ഒന്നും തന്നെ വേണ്ട ഈ സസ്യത്തിന്. ഈ സസ്യത്തിന് അതിതീവ്ര ഗന്ധം ആയതിനാൽ കീടങ്ങളുടെ ആക്രമണവും കുറവാണ്. സാധാരണ മല്ലി മുളപ്പിച്ച കൃഷി ചെയ്യുമ്പോൾ നല്ല രീതിയിലുള്ള പരിചരണം ഉണ്ടായാൽ മാത്രമേ കൂടുതൽ മല്ലിയിലകൾ ചെടിയിൽ ഉണ്ടാവൂ. എന്നാൽ ആഫ്രിക്കൻ മല്ലിക്ക് നല്ല വളക്കൂറുള്ള മണ്ണും തണൽ ലഭ്യമാകുന്ന സ്ഥലവും തിരഞ്ഞെടുത്താൽ ഈ കൃഷി ആദായകരമാക്കാം.
തുളസി.
തുളസിക്കെന്താണ് ഈ വീട്ടിൽ കാര്യം എന്നൊക്കെ തോന്നുമെങ്കിലും, ഒരു തയ്യൊക്കെ മ്മടെ തൊടിയിലും ആവാം.
കാര്‍ഷികാവശ്യത്തിനായി ശേഖരിച്ച വിത്തുകള്‍, ചാണകം, മണല്‍ എന്നിവ കൂട്ടിക്കലര്‍ത്തിയ പൊടിമണ്ണില്‍ വിതറി ചെറുനന നല്‍കി മുളപ്പിച്ചെടുക്കാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം. നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന്. ഉറപ്പാക്കിയിരിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം.ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ദിവസവും നന നിര്‍ബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മൂട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം. നല്ലപ്രതിരോധ ശേഷിയുള്ള ചെടിയാണ് തുളസി. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം.
പനിക്കൂർക്ക.
കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലെ.. ഒരു തുമ്മലൊ ജലദോഷമോ ഒക്കെ വന്നാൽ എടുത്തിട്ട് പ്രയോഗിക്കാം. എന്റെ കോഫി ക്കും ലവ് ബേർഡ്‌സ് നും വേണ്ടി ഞാൻ വളർത്തുന്നുണ്ട്. ആഴ്ചയിലൊരിക്കൽ അവർക്കു കൊടുക്കും..
നീർവാർച്ചയുള്ള ഏതുമണ്ണിലും നന്നായി വളരുമെന്നതിനാൽ ഗൃഹപരിസരങ്ങളിലോ മൺചട്ടികളിലോ മണ്ണ് നിറച്ച ചാക്കുകളിലോ പനിക്കൂർക്ക വളർത്താം. ജലസേചനം വളരെ പരിമിതമായ തോതില് മതിയാകും. വേരോട് കൂടിയ തണ്ടുകളോ ഇളം തളിർപ്പോട് കൂടിയ തണ്ടോ നടാൻ ഉപയോഗിക്കാം. പനിക്കൂർക്ക നട്ട് വേര് വന്ന് തുടങ്ങിയ ശേഷം അല്പകാലത്തിനുള്ളിൽ തന്നെ ഇലകൾ ആവശ്യത്തിന് ശേഖരിച്ചുതുടങ്ങാം.
ചേമ്പിനും ചേനക്കും പയറിനും ഒക്കെ ഒപ്പം ഇവരെ കൂടി അങ്ങ് ചേർത്ത് നിർത്താം... തൊടിയിലില്ലാത്തവർ ഇതും കൂടി ആയിക്കോട്ടെ....
പാലക്കാട് ജൈവ കാർഷിക ഉത്പാദന വിപണന സമിതി